മലയാളം വെറുക്കാന്‍ എന്തുവേണം ?
എട്ടാം ക്ളാസ്സിലെ അടിസ്ഥാന പാഠാവലി !
കഴിഞ്ഞ കുറേവര്‍ഷങ്ങളായി വിദ്യാഭ്യസമേഖല പരീക്ഷണഘട്ടങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പരീക്ഷണം വിജയമോ പരാജയമോയെന്ന് വിലയിരുത്തുന്നതെങ്ങനെയാണ് ? ആരാണ് ? ഏതൊരുല്പന്നവും വിജയമോ പരാജയമോയെന്ന് വിലയിരുത്തന്നത് ഉല്പാദകരല്ല, മറിച്ച് ഉപഭോക്താക്കളാണ്. ആ നിലയ്ക് നോക്കുമ്പോള്‍വിദ്യാര്‍ത്ഥികളും അതിലുപരി രക്ഷിതാക്കളുമാണ് വിധികര്‍ത്താക്കളുടെ പക്ഷത്ത് നില്ക്കുന്നത്. (അവര്‍പറയുന്നത് പൊതുജനം കുറച്ച് കാലമായി കേള്‍ക്കുകയാണ്.)
ഇപ്പോളിയാള്‍ എന്തുകൊണ്ടിപ്രകാരം പറയുന്നുവെന്നാവും നിങ്ങളാലോചിക്കുക! എട്ടാം ക്ളാസ്സിലെ മലയാളം പാഠപുസ്തകം കാണാനും അപഗ്രഥിക്കുന്ന അധ്യാപകരുടെ ഒപ്പമിരിക്കാനും ചര്‍ച്ചചെയ്യാനുമിടയായി (അധ്യാപക പരിശീലന വേളയില്‍) വിദ്യാര്‍ത്ഥികളെ അറിവിന്റെ കാണാപ്പുറങ്ങളിലേക്ക് നയിക്കാനായി കച്ചക്കെട്ടിയിറങ്ങയിരിക്കുന്ന ബുദ്ധിരാക്ഷസന്‍മാരോട് ഒരു ചോദ്യം. എട്ടാം ക്ളാസ്സിലെ അടിസ്ഥാന പാഠാവലി (കഴിഞ്ഞ വര്‍ഷം വരെ 'മലയാളം ഉപപാഠപുസ്തകം' എന്നപേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത് ) ആര്‍ക്ക് വേണ്ടി തയ്യാറാക്കി? അറബി, സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉദ്ധരിക്കാനാണെങ്കിലിതിത്തിരി കടന്ന കൈയായിപ്പോയി. രണ്ട് പീരിയഡ് കൊണ്ട് ഈ പാഠാവലി പഠിപ്പിക്കുന്ന അധ്യാപകരെ സമ്മതിക്കണം. വിവിധ വ്യവഹാരരൂപങ്ങള്‍കുട്ടികളെ പഠിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം വരെ ഉണ്ടായിരുന്ന ഉപപാഠപുസ്തകങ്ങള്‍ക്ക് കഴിയില്ലെന്നുണ്ടോ? കഴിയുമെന്നാണ് കേരളത്തിലെ ബഹുഭൂരിപക്ഷം അധ്യാപകരും അഭിപ്രായപ്പടുന്നത്. കഴിഞ്ഞവര്‍ഷം ഏഴാം ക്ളാസ്സിലെ മാറ്റത്തിന് അധ്യാപകരെതിര്‍ത്തില്ലെന്നതാണ് പാഠപുസ്തക കമ്മിറ്റിക്കാര്‍പറയുന്ന ന്യായീകരണം ! എതിര്‍ക്കാനെവിടെയായിരുന്നു അവസരം ? സ്കൂള്‍തുറന്ന് ഒരാഴ്ച കഴിഞ്ഞാവും പുസ്തകം വരിക ! ഇപ്പോഴും പുതിയ അടിസ്ഥാന പാഠാവലിയെ അധ്യാപകരെതിര്‍ക്കുന്നു,(അധ്യാപക പരിശീലന വേളയില്‍-അധ്യാപക ര്‍ക്ക് അവിടെമാത്രമല്ലേ പ്രതികരിക്കാന്‍കഴിയൂ)പക്ഷേ എതിര്‍പ്പ് ആര് കേള്‍ക്കാനാണ് ! SCERT യിലെ കുറെ ജ്ഞാനികളും ക്ളാസ്സില്‍പോകുകയോ പഠനപ്രവര്‍ത്തനങ്ങളില്‍പങ്കാളിയാവുകയോ ചെയ്യാത്ത ഒരുപറ്റം സംഘടനാ നേതാക്കളും കൂടി പടച്ചുണ്ടാക്കുന്ന പുസ്തകം പഠിപ്പിക്കേണ്ടി വരുന്നത് പാവം അധ്യാപകരും, പഠിക്കുന്നത് ദരിദ്രചുറ്റുപാടുകളില്‍നിന്ന് വരുന്ന കുറച്ചു കുട്ടികളും !!!
ഇപ്പോള്‍ത്തന്നെ കുട്ടികള്‍ക്ക് പ്ളസ് ടു തലത്തില്‍ മലയാളം വേണ്ടാതായിക്കഴിഞ്ഞു ! ഹിന്ദിയും ഫ്രഞ്ചും സ്പെഷ്യലിംഗ്ളീഷും പഠിക്കാന്‍ കുട്ടികള്‍പോകുന്നതെന്തുകൊണ്ടാണെന്ന് ഇവരാലോചിക്കുക. മലയാള നാടകവും നോവലും ചെറുകഥയും യാത്രാവിവരണവും ജീവചരിത്രവുമെല്ലാം നമ്മുടെ സ്കൂള്‍ക്കുട്ടികള്‍ പഠിച്ചാലെന്താ കുഴപ്പം ? ആര്‍ക്കാ കുഴപ്പം ? നമ്മുടെ ജനപക്ഷ സാഹിത്യം കുട്ടികള്‍ക്ക് പഠിക്കാന്‍കൊള്ളാത്തതാണോ ? അത്രയ്ക് നിലവാരമില്ലാത്തതാണോ നമ്മുടെ നാടകവും നോവലും ചെറുകഥയും യാത്രാവിവരണവുമെല്ലാം !
കുട്ടികളില്‍ പുസ്തകവായന കുറയുന്നതെന്തു കൊണ്ട്? ക്രിക്കറ്റിനോടും ടി.വി ചാനലുകളോടും കുട്ടികള്‍ക്ക് പ്രിയം കൂടുന്നതെന്തു കൊണ്ട് ? മലയാളം മീഡിയം പള്ളിക്കൂടങ്ങളില്‍കുട്ടികള്‍കുറയുന്നതെന്തു കൊണ്ട് ? കുട്ടികള് ലഹരിവസ്തുക്കള്‍ക്ക് അടിമയാകുന്നതെന്തുകൊണ്ട് ? വൃദ്ധ സദനങ്ങള്‍ പെരുകുന്നതെന്തുകൊണ്ട് ? ............
മാനുഷിക മൂല്യങ്ങള്‍ നഷ്ടമാവുന്നതെന്തുകൊണ്ട് ? മലയാളി മനുഷ്യനല്ലാതവുന്നതെന്തുകൊണ്ട് ?...
മനുഷ്യന്‍ മാതൃഭാഷയില്‍ നിന്നും അകന്നാല്‍ ഇതല്ല ഇതിലപ്പുറവും സംഭവിക്കും !!!
No comments:
Post a Comment