Friday, October 9, 2009

അധ്യാപകരിലെ മാനസിക വരള്‍ച്ചയില്ലാതാവാന്‍.......

കേരളത്തിലെ സ്കൂളധ്യാപകര്‍ വരണ്ട മനസ്സും ശരീരവുമായി കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്തുകൊണ്ട് നമ്മുടെ അധ്യാപകരിങ്ങനെയായി ? നാം ചിന്തിക്കേണ്ട വിഷയമല്ലേ? ഒരു അധ്യാപകനാവുകയെന്ന ലക്ഷ്യത്തിന് വേണ്ടി കഠിനപ്രയത്നം ചെയ്തവരാണ് ഇന്നത്തെ അധ്യാപകര്‍. ഒരു വിദ്യാലയത്തില്‍ ജോലിക്ക് കയറുന്ന അധ്യാപകന്റെ /അധ്യാപികയുടെ അടുത്ത ലക്ഷ്യം വീടിനടുത്തുള്ള ഒരു പള്ളിക്കൂടത്തില്‍ എത്തിപ്പെടുകയെന്നതാണ്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതോടെ അവന്റെ /അവളുടെ പ്രതിഭയും ആത്മാര്‍ത്ഥതയും ചോരാന്‍ തുടങ്ങുകയായി. പിന്നെ വര്‍ഷങ്ങളോളം അല്ലെങ്കില്‍ പെന്‍ഷന്‍പറ്റുന്നതുവരെ ആ പള്ളിക്കൂടത്തില്‍ അങ്ങനെ...കഴിഞ്ഞുകൂടുകയായി. നാലഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഈ വിദ്യാലയവും മറ്റെല്ലാം തന്റെ കാല്‍ക്കീഴിലാണെന്ന തോന്നലുണ്ടാവുകയായി. തന്നെ ആരും ചോദ്യം ചെയ്യാനില്ലെന്ന ധാരണ അടിയുറയ്ക്കുമ്പോള്‍ , മദപ്പാടുള്ള ആനയെപ്പോലെയാകും അധ്യാപകര്‍ ! പഠിപ്പിക്കുന്നതിലെ ആത്മാര്‍ത്ഥത ഇതിനിടയ്ക്ക് നഷ്ടപ്പട്ടിട്ടുണ്ടാവും. താന്‍ സീനിയറാണെന്ന ബോധം കൂടിയാകുമ്പോള്‍.....പിന്നെ പറയുകയും വേണ്ട! സ്കൂളിന് വേണ്ടിയോ കുട്ടികള്‍ക്കുവേണ്ടിയോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ യാതൊരു പങ്കുമില്ലാതെ പരദൂഷണവും സൊറ പറയലുമായി കാലം കഴിച്ചുകൂട്ടുന്ന പാവം അധ്യാപകര്‍ !!! സമുഹം അധ‌:പതിക്കാന്‍ പിന്നെന്തുവേണം ?

പാവപ്പട്ടവന്റെ കുട്ടിയെ പഠിപ്പിക്കുവാന്‍(നശിപ്പിക്കുവാന്‍)അധികം പണിപ്പെടേണ്ടതില്ലെന്ന അഭിപ്രായക്കാരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവരില്‍ത്തന്നെ ഒരു വിഭാഗം രാവിലെ ക്ളാസ്സില്‍ പോവുക, പാഠപുസ്തകത്തിലുള്ളത് വായിച്ച് പഠിപ്പിക്കുക , ഗൈഡ് നോക്കി നോട്ട് കൊടുക്കുക(ഗൈഡ് വാങ്ങി കുട്ടികളെ ഏല്പിച്ച് അവരെ കൊണ്ട് നോട്ട് പറഞ്ഞുകൊടുപ്പിക്കുന്ന അധ്യാപികമാരെ ഈയുള്ളവന് നേരിട്ടറിയാം.!!!)താന്‍ പഠിപ്പിക്കന്നത് കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ടെന്നോ അവര്‍ തൃപ്തരാണെന്നോ ഇക്കൂട്ടര്‍ നോക്കാറില്ല.

നന്മയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട ഇക്കുട്ടര്‍ ഇങ്ങനെ പണിഞ്ഞാല്‍ മതിയോ ? (എന്നാല്‍ ഒരു ന്യൂനപക്ഷം അധ്യാപകര്‍ വീട്ടില്‍നിന്നും വളരെ ദൂരെയുള്ള വിദ്യാലയങ്ങളില്‍ ജോലി ചെയ്യുകയും വിദ്യാലയത്തിന്റെയും കുട്ടികളുടെയും സര്‍വ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരുമുണ്ട്, അക്കൂട്ടരെ മറന്നുകൊണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. ആ നന്മയുള്ള അധ്യാപകരുടേതല്ലല്ലോ ഈ ലോകം !)

ഇതിനെന്താണ് പോംവഴി? ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക രാഷ്ടീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട വിഷയം.

കൃത്യം അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും അധ്യാപകരെ നിര്‍ബന്ധമായും സ്ഥലം മാറ്റണം ('ഞങ്ങള്‍ വര്‍ഷങ്ങളായി ഇങ്ങനെയാണ് 'എന്ന് പറയാന്‍ അവസരം കൊടുക്കരുത്) സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും എല്ലാ അധ്യാപകരെയും പങ്കെടുപ്പിക്കാന്‍ പ്രധാന അധ്യാപകന്‍ ശ്രദ്ധിക്കണം, ആരെയും വെറുതെ വിടരുത്. എല്ലാദിവസവും അസംബ്ളി കൂടണം, അസംബ്ളിയില്‍ ഓരോ അധ്യാപകനെയും(പ്രത്യേകിച്ച് അധ്യാപികമാരെ) പത്ത് മിനിട്ട് നേരം വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിപ്പിക്കണം. ജീവിതചര്യയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും മറ്റും മറ്റും....രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ അധ്യാപകനും അസംബ്ളിയില്‍ പ്രസംഗിക്കണം.( അങ്ങനെയാവുമ്പോള്‍ വാക്കിലുള്ളത് പ്രവര്‍ത്തിയില്‍ കൊണ്ടുവന്നേ മതിയാകൂ എന്ന അവസ്ഥ സംജാതമാകും) അധ്യാപകര്‍ നന്നാവും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ധാരാളം കുട്ടികള്‍ വന്നുചേരും കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയും നാടും നന്നാവും.

No comments:

Post a Comment