+009.jpg)
പ്രഹസനമായിത്തീരുന്ന അധ്യാപകപരിശീലനം.
തിരുവനന്തപുരം: 2010-2011 അധ്യയനവര്‍ഷത്തില്‍ സ്കൂള്‍ പാഠ്യപദ്ധതി ആസൂത്രണവും വിനിമയവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് നല്കുന്ന പരിശീലനം പ്രഹസനമായിത്തീരുന്നു! മലയാളം അധ്യാപകര്‍ക്കായി തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച അധ്യാപകശാക്തീകരണ പരിപാടിയെ “അധ്യാപക ക്ഷയീകരണ പരിപാടി “എന്നു വിളിക്കുന്നതായിരിക്കും ഏറെ ഉചിതം!
17/05/2010 തിങ്കളാഴ്ച നടന്ന പരിപാടിയില്‍ സെന്‍ കഥ അവതരിപ്പിച്ചുകൊണ്ട് ബഹുമാന്യ റിസോഴ്സ് പേര്‍സണ്‍ തുടങ്ങിയ പരിശീലനപരിപാടി, കുട്ടികള്‍ പഠനകാലയളവില്‍ നേടേണ്ട ശേഷികളും മൂല്യങ്ങളും നേടാതെ പുറത്ത്പോകുന്നതിന്റെ പ്രധാന കാരണക്കാര്‍ അധ്യാപകര്‍തന്നെയാണെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു. അധ്യാപകശാക്തീകരണ പരിപാടികളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങില്‍ 25% അധ്യാപകര്‍ മാത്രമേ ശേഷികളും മൂല്യങ്ങളും ആര്‍ജ്ജിക്കുന്നുള്ളൂ എന്നത് ഇവര്‍ മനപ്പൂര്‍വ്വം മറക്കുന്നു!അധ്യാപകന്‍ ശേഷിയാര്‍ജ്ജിക്കാതെ കുട്ടികള്‍ക്ക് എങ്ങനെയത് കിട്ടാനാണ്?
ഒരുപ്രവര്‍ത്തനം അധ്യാപകര്‍ക്ക് നല്കിയാല്‍ ഒരു ഗ്രൂപ്പിലെ ഒന്നോ രണ്ടോ അധ്യാപകര്‍ മാത്രമാണ് അത് ചെയ്യുന്നത്, മറ്റുള്ളവര്‍ നോക്കുകുത്തികളായി ഇരിക്കുന്ന കാഴ്ച നിത്യസംഭവമാണ്( അധ്യാപകര്‍ ഇതിനോട് യോജിക്കില്ല ) റിസോഴ്സ് പേര്‍സണ്‍ ഇത് കണ്ടില്ലെന്ന് നടിച്ച് കടന്നുപോകും.ഇപ്രകാരം ശേഷികള്‍ ആര്‍ജ്ജിക്കാതെ പോകുന്ന അധ്യാപകര്‍ , പഠനകാലയളവില്‍ നേടേണ്ട ശേഷികളും മൂല്യങ്ങളും നേടാതെ പോകുന്ന കുട്ടികള്‍ക്ക് തുല്യമല്ലേ?അങ്ങനെയെങ്കില്‍ ഇതിന്റെ യഥാര്‍ത്ഥക്കാരണക്കാര്‍ ഇവര്‍ക്ക് പരിശീലനം നല്കിയ റിസോര്‍സ് പേര്‍സണ്‍ തന്നെയാകും. എല്ലാ അധ്യാപകരുടേയും സജീവ പങ്കാളിത്തം ഉറപ്പു വരുത്താന്‍ റിസോര്‍സ് പേര്‍സണ്‍ ശ്രദ്ധിക്കാറില്ല. ആ വേദിയില്‍ മോണിറ്ററിംഗ് നടത്താനായിരിക്കുന്ന പ്രധാന അധ്യാപകന്‍ ഉറക്കമായിരിക്കും, ഇത്തരം കാര്യങ്ങള്‍ ഇവര്‍ ശ്രദ്ധിക്കാറേയില്ല.എന്തിനാണ് മോണിറ്ററിംഗ് പ്രവര്‍ത്തിക്കുന്നതെന്നറിയില്ല. വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് യാതൊരു കാഴ്ചപ്പാടുമില്ലാത്ത അധ്യപകരെ മോണിറ്ററിംഗിനായി നിയോഗിക്കുന്നതിലൂടെ പരിശീലനത്തെ തകര്‍ക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്.
പരിശീലനപരിപാടിയുടെ പരാജയകാരണങ്ങളില്‍ പ്രധാനമായ മറ്റൊന്ന് പരിശീലനം നടക്കുന്ന കളരികളാണ്.വായുവും വെളിച്ചവും കടക്കാത്ത ഫാനോ ലൈറ്റോ ഇല്ലാത്ത കുടുസ്സു മുറികളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പഠനാസൂത്രണം നടത്തുന്നത് ഇത്തരം സാഹചര്യങ്ങളിലാകുന്നതുകൊണ്ട് അധ്യാപകര്‍ക്ക് ഇതില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല. ആസൂത്രണം നടക്കുന്ന സമയത്ത് അധ്യാപകര്‍ ചൂടിനെ പഴിച്ചുകൊണ്ട് "കൈതാന്‍ ഫാന്‍" കറക്കുകയാവും! ഈ സാഹചര്യങ്ങള്‍ മാറണമെന്ന് എന്നും അധ്യാപകര്‍ ആവശ്യപ്പെടാറുണ്ട്,മാറ്റാമെന്ന് അധികാരികള്‍ പറയാറുണ്ടെങ്കിലും ഇന്നുവരെ നടന്നിട്ടില്ല. ഈ വര്‍ഷത്തെ പരിശീലനവും ഇത്തരം സാഹചര്യത്തില്‍ത്തന്നെയാണ് നടക്കുന്നത്. പേരുകേട്ട സ്കൂളാണിതെങ്കിലും അധ്യാപകര്‍ക്കായി അനുവദിച്ചിരിക്കുന്ന മുറികളില്‍ ഫാനോ ലൈറ്റോ ഇല്ല. പരിശീലനത്തിന്റ ആദ്യദിനത്തില്‍ത്തന്നെ മള്‍ട്ടിമീഡിയ ഉപയോഗിക്കേണ്ടതായിട്ടുണ്ടായിരുന്നു. അത് വേനല്‍ച്ചൂടില്‍ ഉരുകിയൊലിച്ചുപോയി!ഉച്ചഭക്ഷണം കൊണ്ട് വരാത്ത അധ്യാപകന് ഒരു കിലോമീറ്റര്‍ നടന്നെങ്കിലേ ഭക്ഷണം ലഭിക്കൂ. ഇത്രയും ദൂരം നടന്ന് ഭക്ഷണം കഴിച്ചുവരുന്ന അധ്യപകന് 1.30 ന് ആരംഭിക്കുന്ന ക്ളാസ്സില്‍ എങ്ങനെ ശ്രദ്ധ കേന്ദീകരിക്കാന്‍ കഴിയും?
പരീശീലനത്തിന് വരുന്ന അധ്യാപകര്‍ക്ക് മാറിവരുന്ന പാഠപുസ്തകങ്ങള്‍ കൊടുത്ത ചരിത്രമില്ല. ഈ വര്‍ഷവും ഇതിന് മാറ്റമില്ല.തങ്ങള്‍ കൂടുതല്‍ വില നല്കാമെന്ന് പറഞ്ഞ് അധികാരികളോട് കെഞ്ചുന്ന കാഴ്ച കരളലയിക്കുന്നതാണ്.സ്കൂള്‍ തുറക്കുന്നതിന് ഒരുമാസം മുമ്പ് അധ്യാപകര്‍ക്ക് പാഠപുസ്തകവും ഹാന്റ് ബുക്കും നല്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അറിയില്ല. അധ്യാപകര്‍ പാഠപുസ്തകം നേരത്തെ വായിച്ച് ആസൂത്രണം നടത്തുന്നത്തുന്നതുകൊണ്ട് ആരുടെ നെഞ്ചാണ് കലങ്ങുന്നത്?ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്കാന്‍ അധികാരികളുടെ മനോഭാവവും പഠനസാഹചര്യങ്ങളും മാറിയേ പറ്റൂ. അത് ഏത് നൂറ്റാണ്ടിലാണാവോ ലടക്കുന്നത്?
No comments:
Post a Comment